Friday, September 11, 2009

Saturday, August 1, 2009

നീ


നീ

രാഗാര്‍ദ്രയാം നിലാവിന്റെ
ചുണ്ടിലൂറിയ ലഹരി
നുകര്ന്നുന്മത്തനായ്
വീണുറങ്ങവേ
കൃഷ്ണ മണികളാല്‍
വഴിച്ചൂട്ടു തീര്ത്തു-
ദയസൂര്യന്റെയൂര്‍ജ്ജ-
മെന്‍ സിരകളീല്‍
ലയിപ്പിച്ച കന്യകേ.

ഉഷ്ണ വാതങ്ങളില്‍

ചുട്ടുപൊള്ളുന്നൊരെന്‍
കാലടികളില്‍
ഇടവപ്പാതിതന്‍
തീര്‍ത്ഥ ‍പ്രവാഹമായ്
പെയ്തു തീരുന്നു നീ.

രജസ്വലയാം
മണ്ണിന്റെ ഗന്ധവും
രതി ജ്വാലയാകുമീ
യാമിനിതന്‍ സൌഭാഗ്യവും
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന
താഴ്വരകളില്‍
നറു പുഞ്ചിരി തൂകി നീ
മഞ്ഞ മണല്‍ ക്കാടുകളില്‍

ഒറ്റ തെറ്റിയ വേളയില്‍
സ്വര്‍ഗ്ഗവാനിന്റെ
മേലാപ്പുമായ് വന്ന്
വിസ്മയം നല്കി
വന്നൊരപ്സരകന്യകേ...

Saturday, January 24, 2009

വാക്ക്‌

വാക്ക്‌

അക്ഷരങ്ങള്‍ ഇണ ചേരുമ്പോള്‍
അര്‍ത്ഥാനര്‍ത്ഥങ്ങളുടെ
വാക്കുകളെ ഗര്‍ഭം ധരിക്കുന്നു
വാക്കുകള്‍ ഗര്‍ഭപാത്രം പിളര്‍ന്ന്‌
ഈറ്റില്ലത്തിലിറങ്ങുന്നു
ഈറ്റില്ലത്തിന്‍ വാതില്‍ പൊളിച്ച്‌
തെരുവിലേക്കൊഴുകുന്നു
ബസ്സ്റ്റോപ്പിലും ചന്തയിലും
ഞരമ്പുരോഗമായലയുന്നു
നാലാള്‍കൂടുമിടങ്ങളില്‍
പകര്‍ച്ചവ്യാധിയായ്‌ പടരുന്നു
നാക്കിന്‍ തുമ്പില്‍ ഊഹാപോഹമായ്‌
തുണിയുരിഞ്ഞാടുന്നു
മദ്യശാലയില്‍നിന്നും
ആടിക്കുഴഞ്ഞിറങ്ങി
രാവിനെകീറിയെറിഞ്ഞ്‌
പൂരപ്പാട്ടായ്‌ പുളിച്ചുനാറുന്നു
പാഷാണവേരു ചവച്ച്‌
വേദപുസ്തകം പാരായണം ചെയ്ത്‌
പരദൂഷണം പ്രചരിപ്പിക്കുന്നു
കത്തിയെരിയുന്ന പുരയ്ക്കു ചുറ്റും
കരിനാഗമായ്‌ പുളയുന്നു
വാക്കുകള്‍ സാന്ത്വനത്തിന്‍
മാലാഖമാരായ്‌
ഹൃദയത്തില്‍ പെയ്തിറങ്ങുമ്പോള്‍
അര്‍ത്ഥപൂര്‍ണ്ണമാകുന്നു

Thursday, January 15, 2009

കര്‍ക്കിടോതി

കര്‍ക്കിടോതി

കര്‍ക്കിടോതി വരിക വരിക!
കനിവു പുത്ത കരളുമായി
പന്തമെരിയും കണ്ണുമായി
തലയിലോലമുടിയുമായി
ചെണ്ടതാളലയവുമായി
ഉറഞ്ഞാടി നീ വരിക
കാല്‍ത്തളകിലുലിലുക്കി
തനുവില്‍ചോപ്പുചുറമുറുക്കി
നിറനെഞ്ചില്‍ തുടി മുഴക്കി
ദുരിത രാശി പടിയിറക്കി
കര്‍ക്കിടോതി നീ വരിക!

പഞ്ഞമാസം പടിയിലെത്തി
നാവുദോഷം പതിവായി
പേമാരിയുറഞ്ഞാടി
കല്‍ വിളക്കുകള്‍ കടപുഴകി
നിറവയലിന്‍ മടപൊട്ടി
നിറദീപം പടുതിരി കത്തി
അടിയാരുടെ വയരു തേങ്ങി
ഉടയോരുടെ ഉടലു വിങ്ങി
പീഡനീക്കി തുയിലുണര്‍ത്തി
നിറഞ്ഞാടി നീ വരിക!

മുത്തിയമ്മ മൂന്നു നേരം
നാമജപമുരുക്കഴിച്ചു
ആഷാഢമിറങ്ങി വന്നു
രാശിചക്രം തിരിഞ്ഞുവീണു
ചതുര്‍ രാശിതെളിഞ്ഞുവന്നു
അമാവാസി രാവു വന്നു
കഷ്ടകാലപ്പടിതുറന്നു.
മുക്കുറ്റി പൂത്തില്ല
മുടിയില്‍ ദശപുഷ്പമില്ല
മലയാള മണിമങ്ക
മുടിഞ്ഞോരീ കാലത്തില്‍
കനിവിനായി കാത്തിരിക്കേ
കൊണം വരാന്‍ വരം ചൊരിഞ്ഞ്‌
കര്‍ക്കിടോതി നീ വരിക!

സ്വപ്നം

സ്വപ്നം

എന്റെ പഴയ
സ്വപ്നത്തെ കീറിമുറിച്ച്‌
അമ്മയുടെ ഞരക്കങ്ങള്‍
തുടലുകള്‍ കിലുക്കി
തുരികണ്ണുയര്‍ത്തി
അമ്മയുടെ തിരു രൂപം
ചിതളുകലരിക്കുന്ന തിരുമാറില്‍
ശോണിത ചിത്രങ്ങള്‍
അമ്മയുടെ സ്വപ്നത്തിലെ
ശംഖുകള്‍ തപ്പിയെടുത്ത്‌
എന്റെ കണ്ണിലെ കനലിനെ
ഊതിയൂതിയഗ്നിയാക്കുന്നു
അതില്‍ വെന്തെരിയുന്ന
ചിതല്‍ ശവഘോഷയാത്ര
എന്റെ പുതുസ്വപ്നം

Friday, January 9, 2009

അക്കരപ്പച്ച


അക്കരപ്പച്ച
Italic
ഏതോ വിഷാദ ചിന്താചുരങ്ങളില്‍
ഏകാന്തമായൊരു ചിത്രം
വീണ്ടുമീ കാനന മധ്യത്തില്‍
വാത്മീകമാകുന്ന ശിഷ്ടം
അക്കരപ്പച്ചതന്നിച്ഛാതടങ്ങളില്‍
നിശ്ചലമാകുന്ന നോട്ടം
നിര്‍ദ്ദയമേതോ നഷ്ടസ്വപ്നങ്ങള്‍ തന്‍
തംബുരുവാകുന്ന ഹൃദയം
കിനാവള്ളി ചുറ്റിയ മാനസം
മെല്ലവേ മീട്ടുന്നു ശോകസംഗീതം
കാടും കടലും കരിമേഘപ്പുതപ്പുമായ്‌
കാടാറുമാസം കഴിക്കേ
അക്കരെപ്പച്ചയ്ക്കുമിക്കരെപ്പച്ചയ്ക്കു
കുറുകേയൊഴുകുന്നൊരാഋ
അക്കരെതീരത്തു പാറിക്കളിക്കുന്ന
പച്ചക്കിളിയെപ്പിടിക്കാന്‍
ഇക്കരെയൊറ്റയ്ക്കിരുന്നു ഞാന്‍
ഇച്ഛയാലുച്ചത്തിലാര്‍ക്കെ
ആര്‍ത്തലച്ചെത്തുന്നൊരാറിന്റെ ഘോഷ-
ത്തിലെന്നാര്‍ത്തനാദം നിലയ്ക്കേ
ആരോരുമില്ലാത്തൊരാത്മ സത്രത്തിലെന്നി-
ച്ഛകള്‍ വീണുറങ്ങുന്നു.

പ്രണയം

പ്രണയം
ഹൃദയസാലത്തില്‍
മയൂരസ്വപ്നങ്ങളുമായി
കൂടൊരുക്കാനെത്തിയ
സ്നേഹപ്പക്ഷി.
നിന്റെ മിഴികളിലെ
പ്രതീക്ഷകളുടെ തിളക്കവും
ചൊടികളിലെ
പുഞ്ചിരിയുടെ പാരിജാതവും
എന്റെ രാവുകള്‍ക്ക്‌
നക്ഷത്ര പൂക്കാലം
വിണ്ണിന്റെ വിസ്മയവുമായി
വേനല്‍ വറുതിയിലേക്ക്‌
കുളിര്‍കാറ്റായിറങ്ങുന്ന
നിനക്കായ്‌
സ്വര്‍ഗ്ഗത്തിന്‍ താഴ്‌വരയില്‍ നിന്നി-
റുത്ത പൂക്കളാല്‍
പ്രണയമാല്യങ്ങള്‍ തീര്‍ക്കാം