Saturday, January 24, 2009

വാക്ക്‌

വാക്ക്‌

അക്ഷരങ്ങള്‍ ഇണ ചേരുമ്പോള്‍
അര്‍ത്ഥാനര്‍ത്ഥങ്ങളുടെ
വാക്കുകളെ ഗര്‍ഭം ധരിക്കുന്നു
വാക്കുകള്‍ ഗര്‍ഭപാത്രം പിളര്‍ന്ന്‌
ഈറ്റില്ലത്തിലിറങ്ങുന്നു
ഈറ്റില്ലത്തിന്‍ വാതില്‍ പൊളിച്ച്‌
തെരുവിലേക്കൊഴുകുന്നു
ബസ്സ്റ്റോപ്പിലും ചന്തയിലും
ഞരമ്പുരോഗമായലയുന്നു
നാലാള്‍കൂടുമിടങ്ങളില്‍
പകര്‍ച്ചവ്യാധിയായ്‌ പടരുന്നു
നാക്കിന്‍ തുമ്പില്‍ ഊഹാപോഹമായ്‌
തുണിയുരിഞ്ഞാടുന്നു
മദ്യശാലയില്‍നിന്നും
ആടിക്കുഴഞ്ഞിറങ്ങി
രാവിനെകീറിയെറിഞ്ഞ്‌
പൂരപ്പാട്ടായ്‌ പുളിച്ചുനാറുന്നു
പാഷാണവേരു ചവച്ച്‌
വേദപുസ്തകം പാരായണം ചെയ്ത്‌
പരദൂഷണം പ്രചരിപ്പിക്കുന്നു
കത്തിയെരിയുന്ന പുരയ്ക്കു ചുറ്റും
കരിനാഗമായ്‌ പുളയുന്നു
വാക്കുകള്‍ സാന്ത്വനത്തിന്‍
മാലാഖമാരായ്‌
ഹൃദയത്തില്‍ പെയ്തിറങ്ങുമ്പോള്‍
അര്‍ത്ഥപൂര്‍ണ്ണമാകുന്നു

No comments:

Post a Comment