Thursday, January 8, 2009

സുനാമി



സുനാമി

കലികൊണ്ടതെന്തു നീ കടലേ

കരയുടെ കനിവിന്‍ കിനാക്കള്‍

കവര്‍ന്നെടുത്തിങ്ങനെ

കദനങ്ങള്‍ കാറ്റടിച്ചുലയുന്ന തീരത്ത്‌

നീറുന്നൊരോര്‍മ്മകള്‍ തന്നതെന്തിങ്ങനെ

ദുരിതങ്ങള്‍ താണ്ഡവമാടുന്നു, കെടുതിയില്‍

തീരാത്ത വറുതികള്‍ വിതച്ചു മറഞ്ഞതെന്തിങ്ങനെ.

മ്ര്^ത്യുവേ സുനാമിയെന്നോ നിനക്കു പേര്‍

ഏതു രാക്ഷസക്കോട്ടയില്‍ നിന്നു നീ

സുക്ര്^തക്ഷയത്തിന്റെ ചുഴലിയായ്‌ വന്നു

താരാട്ടിനീണം കവര്‍ന്നെടുത്തിന്നലെ

അന്‍പുകളെല്ലാം കുടിച്ചുവറ്റിക്കവെ

അമ്മിഞ്ഞപ്പാലില്‍ അമ്ര്^തം നിവേദിച്ച്‌

മുറ്റത്തു കുമ്പിട്ടിരിക്കുന്നൊരമ്മതന്‍

കണ്ണീരൊഴുക്കില്‍ മണല്‍ത്തിട്ടകള്‍ മുങ്ങവേ

കണ്ടുവോ കരള്‍ പിളരുന്ന കാഴ്ചകള്‍

കുരുക്ഷേത്രഭൂമിയില്‍ കുരുതിയായ്ത്തീര്‍ന്ന

കര്‍ണ്ണനെ ത്തേടുന്ന കുന്തിമാതാവുപോല്‍

നിറമാറു പറിച്ചലമുറയിടുന്നൂ ഭ്രാന്തമായൊരമ്മ,

എങ്ങു കൊണ്ടുപോയ്‌ എന്റെ പൊന്നുണ്ണിയെ

എങ്ങു കൊണ്ടുപോയ്‌ എന്‍ മോക്ഷപ്രതീക്ഷയെ

താലിച്ചരടില്‍ചുംബിച്ചൊരു പെങ്ങള്‍

രൌദ്ര കാകോളം നുണഞ്ഞെത്തും

തിരകളോടു ചോദിപ്പൂ

എങ്ങു കൊണ്ടുപോയ്‌ നീയെന്‍

താങ്ങും തണലുമാം മുത്തിന്റെയച്ഛനെ.

കടലമ്മേ നീതൂവിത്തെറുപ്പിച്ചതൊക്കെയു-

മിനിയേതു ര്^തുക്കളില്‍പെയ്തിറങ്ങും

നീ പിഴുതെറിഞ്ഞൊരു മുറ്റത്തെ മുല്ലയില്‍

ഇനിയേതു പുലരിയില്‍ പൂ വിരിയും

No comments:

Post a Comment