
Friday, September 11, 2009
Saturday, August 1, 2009
നീ

ചുണ്ടിലൂറിയ ലഹരി
നുകര്ന്നുന്മത്തനായ്
വീണുറങ്ങവേ
കൃഷ്ണ മണികളാല്‍
വഴിച്ചൂട്ടു തീര്ത്തു-
ദയസൂര്യന്റെയൂര്‍ജ്ജ-
മെന്‍ സിരകളീല്‍
ലയിപ്പിച്ച കന്യകേ.
ഉഷ്ണ വാതങ്ങളില്‍
ചുട്ടുപൊള്ളുന്നൊരെന്‍
കാലടികളില്‍
ഇടവപ്പാതിതന്‍
തീര്‍ത്ഥ പ്രവാഹമായ്
പെയ്തു തീരുന്നു നീ.
രജസ്വലയാം
മണ്ണിന്റെ ഗന്ധവും
രതി ജ്വാലയാകുമീ
യാമിനിതന്‍ സൌഭാഗ്യവും
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന
താഴ്വരകളില്‍
നറു പുഞ്ചിരി തൂകി നീ
മഞ്ഞ മണല്‍ ക്കാടുകളില്‍
ഒറ്റ തെറ്റിയ വേളയില്‍
സ്വര്‍ഗ്ഗവാനിന്റെ
മേലാപ്പുമായ് വന്ന്
വിസ്മയം നല്കി
വന്നൊരപ്സരകന്യകേ...
Saturday, January 24, 2009
വാക്ക്
അക്ഷരങ്ങള്‍ ഇണ ചേരുമ്പോള്‍
അര്‍ത്ഥാനര്‍ത്ഥങ്ങളുടെ
വാക്കുകളെ ഗര്‍ഭം ധരിക്കുന്നു
വാക്കുകള്‍ ഗര്‍ഭപാത്രം പിളര്‍ന്ന്
ഈറ്റില്ലത്തിലിറങ്ങുന്നു
ഈറ്റില്ലത്തിന്‍ വാതില്‍ പൊളിച്ച്
തെരുവിലേക്കൊഴുകുന്നു
ബസ്സ്റ്റോപ്പിലും ചന്തയിലും
ഞരമ്പുരോഗമായലയുന്നു
നാലാള്‍കൂടുമിടങ്ങളില്‍
പകര്‍ച്ചവ്യാധിയായ് പടരുന്നു
നാക്കിന്‍ തുമ്പില്‍ ഊഹാപോഹമായ്
തുണിയുരിഞ്ഞാടുന്നു
മദ്യശാലയില്‍നിന്നും
ആടിക്കുഴഞ്ഞിറങ്ങി
രാവിനെകീറിയെറിഞ്ഞ്
പൂരപ്പാട്ടായ് പുളിച്ചുനാറുന്നു
പാഷാണവേരു ചവച്ച്
വേദപുസ്തകം പാരായണം ചെയ്ത്
പരദൂഷണം പ്രചരിപ്പിക്കുന്നു
കത്തിയെരിയുന്ന പുരയ്ക്കു ചുറ്റും
കരിനാഗമായ് പുളയുന്നു
വാക്കുകള്‍ സാന്ത്വനത്തിന്‍
മാലാഖമാരായ്
ഹൃദയത്തില്‍ പെയ്തിറങ്ങുമ്പോള്‍
അര്‍ത്ഥപൂര്‍ണ്ണമാകുന്നു
Thursday, January 15, 2009
കര്‍ക്കിടോതി
കര്‍ക്കിടോതി വരിക വരിക!
കനിവു പുത്ത കരളുമായി
പന്തമെരിയും കണ്ണുമായി
തലയിലോലമുടിയുമായി
ചെണ്ടതാളലയവുമായി
ഉറഞ്ഞാടി നീ വരിക
കാല്‍ത്തളകിലുലിലുക്കി
തനുവില്‍ചോപ്പുചുറമുറുക്കി
നിറനെഞ്ചില്‍ തുടി മുഴക്കി
ദുരിത രാശി പടിയിറക്കി
കര്‍ക്കിടോതി നീ വരിക!
പഞ്ഞമാസം പടിയിലെത്തി
നാവുദോഷം പതിവായി
പേമാരിയുറഞ്ഞാടി
കല്‍ വിളക്കുകള്‍ കടപുഴകി
നിറവയലിന്‍ മടപൊട്ടി
നിറദീപം പടുതിരി കത്തി
അടിയാരുടെ വയരു തേങ്ങി
ഉടയോരുടെ ഉടലു വിങ്ങി
പീഡനീക്കി തുയിലുണര്‍ത്തി
നിറഞ്ഞാടി നീ വരിക!
മുത്തിയമ്മ മൂന്നു നേരം
നാമജപമുരുക്കഴിച്ചു
ആഷാഢമിറങ്ങി വന്നു
രാശിചക്രം തിരിഞ്ഞുവീണു
ചതുര്‍ രാശിതെളിഞ്ഞുവന്നു
അമാവാസി രാവു വന്നു
കഷ്ടകാലപ്പടിതുറന്നു.
മുക്കുറ്റി പൂത്തില്ല
മുടിയില്‍ ദശപുഷ്പമില്ല
മലയാള മണിമങ്ക
മുടിഞ്ഞോരീ കാലത്തില്‍
കനിവിനായി കാത്തിരിക്കേ
കൊണം വരാന്‍ വരം ചൊരിഞ്ഞ്
കര്‍ക്കിടോതി നീ വരിക!
സ്വപ്നം
എന്റെ പഴയ
സ്വപ്നത്തെ കീറിമുറിച്ച്
അമ്മയുടെ ഞരക്കങ്ങള്‍
തുടലുകള്‍ കിലുക്കി
തുരികണ്ണുയര്‍ത്തി
അമ്മയുടെ തിരു രൂപം
ചിതളുകലരിക്കുന്ന തിരുമാറില്‍
ശോണിത ചിത്രങ്ങള്‍
അമ്മയുടെ സ്വപ്നത്തിലെ
ശംഖുകള്‍ തപ്പിയെടുത്ത്
എന്റെ കണ്ണിലെ കനലിനെ
ഊതിയൂതിയഗ്നിയാക്കുന്നു
അതില്‍ വെന്തെരിയുന്ന
ചിതല്‍ ശവഘോഷയാത്ര
എന്റെ പുതുസ്വപ്നം
Friday, January 9, 2009
അക്കരപ്പച്ച
അക്കരപ്പച്ച

ഏതോ വിഷാദ ചിന്താചുരങ്ങളില്‍
ഏകാന്തമായൊരു ചിത്രം
വീണ്ടുമീ കാനന മധ്യത്തില്‍
വാത്മീകമാകുന്ന ശിഷ്ടം
അക്കരപ്പച്ചതന്നിച്ഛാതടങ്ങളില്‍
നിശ്ചലമാകുന്ന നോട്ടം
നിര്‍ദ്ദയമേതോ നഷ്ടസ്വപ്നങ്ങള്‍ തന്‍
തംബുരുവാകുന്ന ഹൃദയം
കിനാവള്ളി ചുറ്റിയ മാനസം
മെല്ലവേ മീട്ടുന്നു ശോകസംഗീതം
കാടും കടലും കരിമേഘപ്പുതപ്പുമായ്
കാടാറുമാസം കഴിക്കേ
അക്കരെപ്പച്ചയ്ക്കുമിക്കരെപ്പച്ചയ്ക്കു
കുറുകേയൊഴുകുന്നൊരാഋ
അക്കരെതീരത്തു പാറിക്കളിക്കുന്ന
പച്ചക്കിളിയെപ്പിടിക്കാന്‍
ഇക്കരെയൊറ്റയ്ക്കിരുന്നു ഞാന്‍
ഇച്ഛയാലുച്ചത്തിലാര്‍ക്കെ
ആര്‍ത്തലച്ചെത്തുന്നൊരാറിന്റെ ഘോഷ-
ത്തിലെന്നാര്‍ത്തനാദം നിലയ്ക്കേ
ആരോരുമില്ലാത്തൊരാത്മ സത്രത്തിലെന്നി-
ച്ഛകള്‍ വീണുറങ്ങുന്നു.
പ്രണയം
ഹൃദയസാലത്തില്‍
മയൂരസ്വപ്നങ്ങളുമായി
കൂടൊരുക്കാനെത്തിയ
സ്നേഹപ്പക്ഷി.
നിന്റെ മിഴികളിലെ
പ്രതീക്ഷകളുടെ തിളക്കവും
ചൊടികളിലെ
പുഞ്ചിരിയുടെ പാരിജാതവും
എന്റെ രാവുകള്‍ക്ക്
നക്ഷത്ര പൂക്കാലം
വിണ്ണിന്റെ വിസ്മയവുമായി
വേനല്‍ വറുതിയിലേക്ക്
കുളിര്‍കാറ്റായിറങ്ങുന്ന
നിനക്കായ്
സ്വര്‍ഗ്ഗത്തിന്‍ താഴ്‌വരയില്‍ നിന്നി-
റുത്ത പൂക്കളാല്‍
പ്രണയമാല്യങ്ങള്‍ തീര്‍ക്കാം
Thursday, January 8, 2009
സുനാമി

സുനാമി
കലികൊണ്ടതെന്തു നീ കടലേ
കരയുടെ കനിവിന്‍ കിനാക്കള്‍
കവര്‍ന്നെടുത്തിങ്ങനെ
കദനങ്ങള്‍ കാറ്റടിച്ചുലയുന്ന തീരത്ത്
നീറുന്നൊരോര്‍മ്മകള്‍ തന്നതെന്തിങ്ങനെ
ദുരിതങ്ങള്‍ താണ്ഡവമാടുന്നു, കെടുതിയില്‍
തീരാത്ത വറുതികള്‍ വിതച്ചു മറഞ്ഞതെന്തിങ്ങനെ.
മ്ര്^ത്യുവേ സുനാമിയെന്നോ നിനക്കു പേര്‍
ഏതു രാക്ഷസക്കോട്ടയില്‍ നിന്നു നീ
സുക്ര്^തക്ഷയത്തിന്റെ ചുഴലിയായ് വന്നു
താരാട്ടിനീണം കവര്‍ന്നെടുത്തിന്നലെ
അന്‍പുകളെല്ലാം കുടിച്ചുവറ്റിക്കവെ
അമ്മിഞ്ഞപ്പാലില്‍ അമ്ര്^തം നിവേദിച്ച്
മുറ്റത്തു കുമ്പിട്ടിരിക്കുന്നൊരമ്മതന്‍
കണ്ണീരൊഴുക്കില്‍ മണല്‍ത്തിട്ടകള്‍ മുങ്ങവേ
കണ്ടുവോ കരള്‍ പിളരുന്ന കാഴ്ചകള്‍
കുരുക്ഷേത്രഭൂമിയില്‍ കുരുതിയായ്ത്തീര്‍ന്ന
കര്‍ണ്ണനെ ത്തേടുന്ന കുന്തിമാതാവുപോല്‍
നിറമാറു പറിച്ചലമുറയിടുന്നൂ ഭ്രാന്തമായൊരമ്മ,
എങ്ങു കൊണ്ടുപോയ് എന്റെ പൊന്നുണ്ണിയെ
എങ്ങു കൊണ്ടുപോയ് എന്‍ മോക്ഷപ്രതീക്ഷയെ
താലിച്ചരടില്‍ചുംബിച്ചൊരു പെങ്ങള്‍
രൌദ്ര കാകോളം നുണഞ്ഞെത്തും
തിരകളോടു ചോദിപ്പൂ
എങ്ങു കൊണ്ടുപോയ് നീയെന്‍
താങ്ങും തണലുമാം മുത്തിന്റെയച്ഛനെ.
കടലമ്മേ നീതൂവിത്തെറുപ്പിച്ചതൊക്കെയു-
മിനിയേതു ര്^തുക്കളില്‍പെയ്തിറങ്ങും
നീ പിഴുതെറിഞ്ഞൊരു മുറ്റത്തെ മുല്ലയില്‍
ഇനിയേതു പുലരിയില്‍ പൂ വിരിയും
ഇലകള്‍ പൊഴിയുമ്പോള്‍
അകാലത്തില്‍ പൊലിഞ്ഞ
പരാജിതന്റെ ഒരിതള്‍
വേനല്‍ മഴയുടെ ഹ്രസ്വസ്വപ്നങ്ങളിലേക്ക്
മിഴി തുറക്കുന്നു
അസ്ഥികൂടങ്ങളും പച്ചിലകളും ഇണചേരുന്ന
നിലാവിന്റെ തുരുത്തില്‍
ഒറ്റുകാരന്റെ കാവല്‍മാടത്തില്‍ നിന്നും
ഒരു ശലാക പതിക്കുന്നു
ശ്മശാനത്തില്‍ ഒറ്റപ്പെട്ട ചെമ്പകമൊട്ട്
മ്ര്^തമോഹങ്ങളുടെ കണക്കെടുക്കുന്നു
ചടുലമാടുന്ന നിഗൂഢമനസ്സുകളില്‍
വിധിവിളംബര മുഹൂര്‍ത്തത്തിലെ
തീപ്പെട്ട വാക്കുകള്‍ മുറിഞ്ഞു വീഴുന്നു
ചന്തയിലൊരു പെണ്ണ് കരഞ്ഞില്ലാതാവുന്നത്
ഞാന്‍ കണ്ടതേയില്ല
മൊഴിമാറ്റിപ്പറയുന്ന നടപ്പുകാലത്തിന്റെ
മറിമായങ്ങള്‍ അറിഞ്ഞതേയില്ല
കടപുഴകുന്ന വംശവ്ര്^ക്ഷങ്ങള്‍
കടലിലേക്കു തന്നെ ചേരട്ടെ
കരള്‍കൊത്താന്‍ വന്ന കഴുകന്മാരൊക്കെ
കാറ്റിന്റെ കൈകളില്‍ തന്നെ തീരട്ടെ
ജ്വരമാവേശിച്ച മൂര്‍ത്തികള്‍
ദക്ഷിണായനങ്ങള്‍ ചവിട്ടുമ്പോള്‍
തിരക്കൊഴിഞ്ഞ കൂടാരങ്ങളില്‍
അവശേഷിച്ചത്
മടങ്ങിപ്പോയവരുടെ നെടുവീര്‍പ്പുകള്‍ മാത്രം
 
 

